Wednesday, May 15, 2024
keralaNewsUncategorized

നടിയെ ആക്രമിച്ച കേസ്: അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണതലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു എന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി.

എന്നാല്‍ ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.

കേസന്വേഷണത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും നടി അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ആദ്യമായി പരസ്യ പ്രതികരണത്തിന് തയ്യാറായി നടി മുന്നോട്ടുവന്നിരുന്നു. സിപിഎം നേതാക്കളുടെ വിമര്‍ശനത്തില്‍ ഒന്നും പറയാനില്ലെന്നും ആരുടേയും വായ തനിക്ക് അടച്ചുവെക്കാന്‍ കഴിയില്ലെന്നും നടി മാദ്ധ്യമങ്ങളെ അറിയിച്ചു.