Friday, May 17, 2024
keralaNewsUncategorized

കോഴിക്കോട് സ്റ്റാന്‍ഡില്‍ തൂണുകള്‍ക്കിടയില്‍ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങി. കോഴിക്കോട് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്.

തൂണുകള്‍ പൊളിക്കുകയോ ബസിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയോ ചെയ്താല്‍ മാത്രമേ കുടുങ്ങിയ കെ-സ്വിഫ്റ്റ് പുറത്തെടുക്കാനാകൂവെന്നാണ് നിരീക്ഷണം. തൂണുകള്‍ക്കിടയില്‍ ബസ് പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷമാണ് കുടുങ്ങിയ വിവരം തിരിച്ചറിഞ്ഞത്.

തൂണുകള്‍ക്കിടയില്‍ നിന്നും നിരവധി തവണ ബസ് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ഡിപ്പോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പരസ്യ പ്രതികരണത്തിന് ഡ്രൈവര്‍മാരും തയ്യാറല്ല.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ടെര്‍മിനലിന്റെ നിര്‍മാണത്തിലുള്ള അപാകത കൂടിയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.

സ്റ്റാന്‍ഡിലെ തൂണുകള്‍ക്ക് മതിയായ അകലമില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കെ-സ്വിഫ്റ്റ് കുടുങ്ങിയതോടെ ഇക്കാര്യം സാധൂകരിക്കപ്പെടുകയാണ്.