Wednesday, May 15, 2024
Local NewsNews

തൊഴിലുറപ്പിന് വ്യാജ രസീത്; മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് 10 വര്‍ഷം തടവ്

കോട്ടയം: മുണ്ടക്കയത്ത് തൊഴിലുറപ്പിന് സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളില്‍ ഓരോന്നിലും രണ്ട് വര്‍ഷം വീതമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്.

2008ല്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. 2008 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ ആകെ 72,822 രൂപ അപഹരിച്ച് സര്‍ക്കാറിന് നഷ്ടം വരുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

പത്തനംതിട്ടയിലെ റീജിയണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ നിന്ന് (റെയ്ഡ്‌കോ) കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതായി വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു എന്നാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നല്‍കിയ കേസിലാണ് അഞ്ച് വകുപ്പുകളിലായി ഓരോ വകുപ്പിനും രണ്ട് വര്‍ഷം വീതം കഠിന തടവിനും, ആകെ 95,000 രൂപ പിഴ ഒടുക്കുന്നതിനും വിജിലന്‍സ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന പി. കൃഷ്ണ കുമാറാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന അമ്മിണി കുട്ടന്‍, കെ.എ. രമേശന്‍, ആര്‍. മധു, സജു വര്‍ഗ്ഗീസ് എന്നിവര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വിചാരണയ്‌ക്കൊടുവില്‍ ശ്രീകുമാര്‍ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ് മോഹന്‍ ആര്‍ പിള്ള ഹാജരായി.