തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസുകാരുടെ തമ്മിലടി
തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി ജയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ ചേരിതിരിഞ്ഞ് കോണ്‍ഗ്രസുകാരുടെ തമ്മിലടി. കെ മുരളീധരന്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരന് അനുകൂലികളും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഇന്ന് വൈകിട്ട് ഡിസിസി സെക്രട്ടറി സജീവന് കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. ഡിസിസി ഓഫീസിന്റെ താഴത്തെ നിലയില്‍ സജീവന് കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരന് അനുകൂലികള്‍ സംഘടിച്ചെത്തിയത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. കെ മുരളീധരന് മത്സരിച്ച തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയില്‍ ആരോപണ – പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്.