Thursday, May 16, 2024
keralaNews

തീര്‍ത്ഥാടകര്‍ എത്തിയിട്ടും എരുമേലിയില്‍ ഒരുക്കങ്ങള്‍ മന്ദഗതിയില്‍.

മഴയും ആശങ്ക ഉണ്ടാക്കുന്നു.

എരുമേലി:ശബരിമല തീര്‍ത്ഥാടകര്‍ എത്തിയിട്ടും എരുമേലിയില്‍ ഒരുക്കങ്ങള്‍ മന്ദഗതിയില്‍.ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ശൗചാലയങ്ങള്‍,പാര്‍ക്കിംഗ്,വിരി, മറ്റ് കടകള്‍,വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങള്‍ എന്നിവ ഇതുവരെ ഒന്നുമായിട്ടില്ല.പോലീസിന്റെ താത്ക്കാലിക എയ്ഡ് പോസ്റ്റ് മാത്രമാണ് തുറന്നത്.തീര്‍ത്ഥാടന അവലോകന യോഗത്തില്‍ പറഞ്ഞ മുന്നോരുക്കങ്ങളില്‍ പലതും മറന്ന ലക്ഷണമാണ്.എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.എരുമേലിയില്‍ അയ്യപ്പഭക്തര്‍ പേട്ടതുള്ളുന്നതിനെ അടിസ്ഥാനമാക്കിയാണ് എരുമേലിയിലെ മുഴുവന്‍ തീര്‍ത്ഥാടന ക്രമീകരണം ഒരുക്കുന്നത്.എന്നാല്‍ പേട്ട തുള്ളാന്‍ അഞ്ച് പേരുടെ സംഘത്തിനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇതാണ് കച്ചവടക്കാരേയും -ദേവസ്വം ബോര്‍ഡിനേയും കടുത്ത ആശങ്കയിലാക്കിയിരിക്കുന്നത്.ശബരിമല തീര്‍ത്ഥാടനമായി ബന്ധപ്പെട്ട ആചാരാനുഷ്ടാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അയ്യപ്പഭക്തര്‍ക്ക് എരുമേലിയില്‍ വരേണ്ട കാര്യമില്ലെന്നാണ് പറയുന്നത്.പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര കൂടി നിരോധിച്ചതോടെ കൂടുതല്‍ ആശങ്കയാണുള്ളത്.എന്നാല്‍ എരുമേലിയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനിയും വൈകുന്നതും ഗുരുതരമായ പ്രതിസന്ധിയാണുണ്ടാക്കുന്നത് .എന്നാല്‍ മലയോര മേഖലയിലെ നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ തീര്‍ത്ഥാടന പാതയിലെ പ്രധാനപ്പെട്ട നദികളായ മണിമലയാര്‍, പമ്പ, അഴുത, മറ്റ് തോടുകള്‍ എന്നീ നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും ആശങ്കയാണുണ്ടാക്കുന്നത്.