Friday, May 17, 2024
keralaNews

തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴ

തിരുവനന്തപുരം; തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴയും കാറ്റും. പെട്ടെന്നുണ്ടായ ശക്തമായ മഴയില്‍ തലസ്ഥാനനഗരത്തിലെ പ്രധാനറോഡുകളില്‍ പലതും വെള്ളത്തിനടിയിലായി.ഇതേ തുടര്‍ന്ന് പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു.മന്ത്രി ജി.ആര്‍.അനിലിന്റെ ഔദ്യോഗിക വീടിന്റെ വളപ്പില്‍ മരം ഒടിഞ്ഞ് വീണു.കൊല്ലം ചടയമംഗലം കൂരിയോട്ട് വീടിന്റെ മുകളിലേക്ക് റബര്‍ മരങ്ങള്‍ വീണ് മേല്‍ക്കൂര തകര്‍ന്നു.തിരുവനന്തപുരം കൊട്ടിയത്തറയില്‍ മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു.കൊട്ടാരക്കര ഈയം കുന്നില്‍ വീട് തകര്‍ന്നു, കരവാളൂര്‍ പഞ്ചായത്തില്‍ നാല് വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുണ്ടായി. ചാത്തന്നൂര്‍ പാരിപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു.ജില്ലയുടെ മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത മണിക്കൂറുകളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൂടി മഴ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.