Saturday, May 18, 2024
keralaNews

തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഐ എന്‍ ടി യു സി ആഹ്വാനം.

കെ എസ് ആര്‍ ടി സി എം ഡി ബിജുപ്രഭാകറിന് എതിരെ പ്രതിഷേധവുമായി ജീവനക്കാര്‍. തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ഐ എന്‍ ടി യു സിക്കാര്‍ എം ഡിക്ക് എതിരെ പ്രതിഷേധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി അറിയിച്ചു. ജീവനക്കാര്‍ക്കെതിരെ പ്രതികരണം നടത്തിയ ബിജു പ്രഭാകറിന് എതിരെ വിവിധ യൂണിയനുകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കെ എസ് ആര്‍ ടി സിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞതാണ് ബിജുപ്രഭാകറിന് എതിരെ സംഘടനകള്‍ തിരിയാനുളള കാരണം. സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റങ്ങളെ എതിര്‍ക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സുകള്‍ നിര്‍മ്മിച്ചത് വേണ്ട പഠനമില്ലാതെയാണ്. ജീവനക്കാര്‍ കൂടുതലാണ്. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം എം പാനലുകാരാണ് ജോലി ചെയ്യുന്നത്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ട്രിപ് ദൂരം കൂട്ടിക്കാണിച്ചുളള ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജുപ്രഭാകര്‍ ആരോപിച്ചിരുന്നു.

കെ എസ് ആര്‍ ടി സിയില്‍ സ്വിഫ്റ്റ് പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന ബിജു പ്രഭാകറിന്റെ തീരുമാനമാണ് ജീവനക്കാരുമായുളള ശീതയുദ്ധത്തിന് വഴിത്തുറന്നത്. 2012-15 കാലത്ത് അക്കൗണ്ട്‌സ് മാനേജര്‍ ആയിരുന്നപ്പോള്‍ 100 കോടിയുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥനടക്കം ഉളളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.