Tuesday, May 21, 2024
indiaNews

കൊറോണ മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു.

കൊറോണ മുക്തനായ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ 34കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഗ്രീന്‍ ഫംഗസ് ബാധയാണിതെന്ന് ജില്ലാ ഹെല്‍ത്ത് മാനേജര്‍ അപൂര്‍വ തിവാരി പറഞ്ഞു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി.എയര്‍ ലിഫ്റ്റിംഗ് വഴിയാണ് യുവാവിനെ മുബൈയിലെത്തിച്ചത്. കൊറോണ ബാധിതനായ യുവാവ് രോഗമുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ആണെന്ന സംശയത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിക്കുന്നത്. ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയില്‍ ഒന്നരമാസമായി ചികിത്സയിലായിരുന്നു യുവാവ്.

ബ്ലാക്ക് ഫംഗസിന് സമാനമായി കൊറോണ ബാധിതരില്‍ അല്ലെങ്കില്‍ രോഗമുക്തി നേടിയവരില്‍ കാണപ്പെടുത്ത രോഗമാണ് ഗ്രീന്‍ ഫംഗസ്. ആസ്പഗുലിസിസ് (aspergillosis) എന്നാണ് ശാസ്ത്രീയ നാമം. മൂക്കില്‍ നിന്നും രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇന്‍ഡോറിലെ രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍.ഗ്രീന്‍ ഫംഗസ് ആസ്പെര്‍ഗിലോസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വ്വയിനം അണുബാധയാണ് ആസ്പെര്‍ഗിലോസിസ്.