Tuesday, May 14, 2024
keralaNewspolitics

കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍ മന്ത്രി,എന്‍ ജയരാജ് ചീഫ് വിപ്പ്.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രിയായി റോഷി അഗസ്റ്റിന് സത്യപ്രതിജ്ഞ ചെയ്യും.റോഷിയുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ജോസ് കെ മാണി പാലായില്‍ പറഞ്ഞു.പാര്‍ട്ടിക്ക് വിധേയനായി മികച്ച പ്രവര്‍ത്തനം നടത്താന്‍ പരിശ്രമിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസ് എമ്മിനാണ്. ഡോ. എന്‍ ജയരാജ് ചീഫ് വിപ്പാകും.മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്.ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന് ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി. ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന് അഞ്ചാം തവണയാണ് തുടര്‍ ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

ഇടുക്കിക്ക് പാലാക്കാരന്‍ മന്ത്രി; റോഷി അഗസ്റ്റിന്‍,

ഇടുക്കി ഹൈറേഞ്ചിനു റോഷി അഗസ്റ്റിനിലൂടെ മന്ത്രിപദവി ലഭിക്കുമെന്നുറപ്പ്. ആദരണീയനായ കെ.എം.മാണിയുടെ അരുമശിഷ്യനും പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മാണിഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്ന റോഷി അഗസ്റ്റിനു മന്ത്രിപദം അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്.1969 ല്‍ കോട്ടയം ജില്ലയിലെ പാലാ രാമപുരത്ത് അഗസ്റ്റിന്‍ തോമസിന്റെയും ലീലാമ്മയുടെയും മകനായി ജനനം.സ്‌കൂള്‍ തലം തൊട്ടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ റോഷി ഇടക്കോളി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ പാര്‍ലമെന്റ് നേതാവായി തിരഞ്ഞെടുക്കപെട്ടു.

കേരളാ കോണ്‍ഗ്രസ് (എം) ന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായി കേരളാകോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച റോഷി വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങീ പദവികളും വഹിച്ചിട്ടുണ്ട്. കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 1995 ല്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 43 ദിവസം നീണ്ടു നിന്ന കാല്‍നട ജാഥ വിമോചന പദയാത്ര നടത്തി ശ്രദ്ധേയനായിരുന്നു.2001 ല്‍ വിമോചന യാത്ര എന്ന പേരില്‍ അഴിമതി വിരുദ്ധ ജാഥ നടത്തി പാര്‍ട്ടിയില്‍ കരുത്തനും ശ്രദ്ധേയനുമായി.

1996 -ല്‍ 26-ാം വയസില്‍ പേരാമ്പ്രയില്‍ കന്നിയങ്കത്തിനിറങ്ങിയ റോഷി സിപിഎം ലെ എന്‍.കെ.രാധയോട് 2400 വോട്ടിനു പരാജയപെട്ട റോഷി രണ്ടാം അങ്കത്തില്‍ 2001 ല്‍ ഇടുക്കിയില്‍ നിന്നും എം.എസ് ജോസഫിനെ 13719 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. തുടര്‍ന്നു 2006ലും, 2011 ലും സിപിഎം ലെ സിവി വര്‍ഗീസിനെയും 2016ല്‍ ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെയും പരാജയപ്പെടുത്തി.2021 ലെ വിജയം തുടര്‍ച്ചയായി അഞ്ചാം തവണയും ഇടുക്കിയില്‍ നിന്നും റോഷിയെ നിയമസഭയില്‍ എത്തിച്ചു. നിയമ ബിരുദധാരിയായ റോഷി 2015 ല്‍ സംഗീത് ലൂയിസ് സംവിധാനം ചെയ്ത ഇലഞ്ഞിക്കാവ് പി.ഒ എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഭാര്യ: റാണി തോമസ്, നേഴ്സാണ് മൂന്ന് കുട്ടികള്‍.