Saturday, May 18, 2024
keralaNews

കേരളത്തില്‍ വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന സൂചന നല്‍കി മയില്‍ക്കൂട്ടം.

കേരളത്തില്‍ വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന സൂചന നല്‍കി മയില്‍ക്കൂട്ടം ഗ്രാമങ്ങളിലും നഗരങ്ങളിലും പറന്നിറങ്ങുന്നു. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് മയിലുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങാന്‍ കാരണമെന്നു ശാസ്ത്രജ്ഞര്‍. കൂട്ടത്തോടെ എത്തുന്ന മയിലുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. തൃശൂര്‍ അയ്യന്തോള്‍ പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലില്‍ റോഡിനു കുറുകെ താഴ്ന്നു പറന്ന മയിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു നവവരന്‍ മരിച്ച സംഭവം നടന്നത് ഒരാഴ്ച മുന്‍പ്.

കൂടുതല്‍ ഉത്തരകേരളത്തില്‍.

കേരളത്തില്‍ മുന്‍പ് അപൂര്‍വമായിരുന്ന മയിലുകളുടെ സാന്നിധ്യം ഗ്രാമനഗര പ്രദേശങ്ങളില്‍ ഇപ്പോള്‍ കൂടുതലാണ്. ഉത്തര കേരളത്തിലാണ് വര്‍ധനയെന്നു വനം വകുപ്പ് പറയുന്നു. 2 വര്‍ഷം മുന്‍പ് സംസ്ഥാനത്തെ മയിലുകളുടെ സാന്നിധ്യം 19 % മാത്രമായിരുന്നു. 2050 ല്‍ ഇത് 50 ശതമാനമായി ഉയരുമെന്നു കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷ്യശൃംഖലയിലുണ്ടായ വ്യതിയാനമാണ് കാട്ടുപന്നിയുടെയും മയിലുകളുടെയും എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കാട്ടുപക്ഷിയല്ല മയില്‍

മയില്‍ കാട്ടുപക്ഷിയുമല്ലെന്നും കാടുകളില്‍ അല്ല മയിലിന്റെ ആവാസ കേന്ദ്രമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. തുറസ്സായ വരണ്ട പ്രദേശമാണ് ഇവയുടെ വാസകേന്ദ്രം. കേരളത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് സാന്നിധ്യം കൂടുതല്‍. വയനാട്, കാസര്‍കോട്, ഇടുക്കിയിലെ ചിന്നാര്‍ മേഖല, കൊല്ലം തെന്മല, കന്യാകുമാരി ജില്ലയോടു ചേര്‍ന്നുള്ള തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മയില്‍ സാന്നിധ്യം വളരെ കൂടുതലാണ്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും കൂടുതലായി കാണപ്പെടുന്നു.

980 മുതലാണ് കേരളത്തില്‍ മയിലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതെന്നു ഇതെക്കുറിച്ച് പഠനം നടത്തിയ കാര്‍ഷിക സര്‍വകലാശാലയുടെ കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമി ഡീന്‍ ഡോ.പി.ഒ.നമീര്‍ പറയുന്നു. ‘മയിലുകള്‍ കേരളത്തില്‍ കൂടുതലായി കാണപ്പെടുന്നതിനെ, അവ കാടിറങ്ങുകയാണെന്നു വ്യാഖ്യാനിക്കാന്‍ കഴിയില്ല.’ നമീര്‍ ചൂണ്ടിക്കാട്ടുന്നു. നമീര്‍, വി. സാഞ്‌ജോ ജോസ് എന്നിവരാണ് പഠനം നടത്തിയത്.

കൊന്നാല്‍ 7 വര്‍ഷം അകത്ത്

വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയില്‍പ്പെട്ട ദേശീയ പക്ഷി കൂടിയായ മയിലിനെ കൊന്നാല്‍ 7 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മയില്‍ മുട്ട നശിപ്പിച്ചാലും കേസെടുക്കും. പാലക്കാട് ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതം സംസ്ഥാനത്ത് മയിലുകള്‍ക്കു മാത്രമായുള്ള വന്യജീവി സങ്കേതമാണ്.