Wednesday, May 15, 2024
Agriculturekerala

കേരളത്തില്‍ മികച്ച ലാഭം നേടി പുതുസംരംഭം.

ബാങ്ക്, ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി, ഐ ടി ഓഫീസ് തുടങ്ങിയവയുടെ ലോബി അല്ലെങ്കില്‍ റിസപ്ഷന്‍ അലങ്കരിക്കുവാന്‍ അകത്തളച്ചെടികള്‍ക്കു ഇന്ന് നല്ല ഉപയോഗമാണുള്ളത്. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ചെടികള്‍ ഭൂരിഭാഗവും സ്ഥാപനങ്ങളുടെ സ്വന്തമാകണമെന്നില്ല. ഈ ആവശ്യത്തിനായി ചെടികള്‍ വാടകക്ക് നല്‍കുന്ന ഏജന്‍സികള്‍ നഗരങ്ങളില്‍ വളരെ സജീവമാണ്. ചെടികള്‍ വാങ്ങി ചട്ടിയില്‍ നട്ടു പരിപാലിക്കുന്നതിലും എത്രയോ ചെലവ് കുറവാണ് ഇവ വാടകയ്ക്ക് എടുക്കുമ്പോള്‍. കൂടാതെ മാസത്തില്‍ 1 – 2 തവണ ചെടികള്‍ മാറി പുതിയവ വെച്ചു അകത്തളത്തിനു വേറിട്ട നോട്ടം കിട്ടുമെന്ന മെച്ചവുമുണ്ട്. മുറിക്കുള്ളിലെ വായൂ ശുദ്ധീകരിക്കുവാന്‍ കഴിവുള്ള ചെടികള്‍ ഉപയോഗിച്ചാല്‍ കൃത്രിമ എയര്‍ പ്യൂരിഫൈയര്‍ ഒഴിവാക്കുവാനും സാധിക്കും. ആകെയുള്ളതു ആവശ്യാനുസരണം ചെടികള്‍ക്കു നന നല്‍കണമെന്നു മാത്രം. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ കൈ നനയാതെ മീന്‍ പിടിക്കുന്ന രീതി.

ചെടികള്‍ വാടകക്ക് നല്‍കുന്ന സംരംഭം ആരംഭിക്കുവാന്‍ കുറഞ്ഞത് 20 സെന്റ് സ്ഥലത്തു ഒരു ഫാം ആവശ്യമാണ്. ഇവിടെയാണ് വാടകക്ക് നല്‍കുവാന്‍ വേണ്ട ചെടികള്‍ സൂക്ഷിക്കുക. ചെടികള്‍ വച്ച് പരിപാലിക്കുവാന്‍ തണല്‍ പന്തലും നനക്കുവാന്‍ ശുദ്ധജല സൗകര്യവും ഇവിടെ വേണം. ചെടികള്‍ വാടകക്കായി എത്തിക്കുവാനും തിരിച്ചു ഫാമിലേക്കു കൊണ്ടുവരുവാനും വാഹനസൗകര്യവും ഉണ്ടാകണം. അലങ്കാര ഇലച്ചെടികള്‍ ഭംഗിയുള്ളതും ഈടുനില്‍ക്കുന്നതുമായ പ്ലാസ്റ്റിക് ചട്ടികളില്‍ നട്ടു പരിപാലിക്കണം.

ചെടികള്‍ ഒരു സ്ഥാപനത്തിലെ ലോബിയിലോ റിസെപ്ഷനിലോ സ്ഥാപിക്കുമ്പോള്‍ അവിടെയുള്ള പ്രകാശത്തിന്റെ അളവ്, മുറിയുടെ വലിപ്പം ഇവയ്ക്കെല്ലാം പ്രാധാന്യം നല്‍കണം. വാടകക്ക് നല്‍കിയിരിക്കുന്നതിന്റെ പകുതിയോളം എണ്ണം ചെടികള്‍ ഫാമില്‍ ഉണ്ടായിരിക്കണം. സാധരണ 15 ദിവസത്തിലൊരിക്കലാണ് ചെടികള്‍ മാറ്റി പുതിയവ വയ്ക്കേണ്ടത്. ബ്യൂട്ടി പാര്‍ലറില്‍ മുടിക്കും മുഖത്തിനും നല്‍കുന്ന സൗന്ദര്യ പ്രക്രീയകള്‍ പോലെ തന്നെയാണ് ഫാമില്‍ തിരിച്ചെത്തുന്ന ചെടികള്‍ക്കും നല്‍കുക. പഴകിയതും കേടുവന്നതുമായ ഇലകള്‍ നീക്കം ചെയ്യണം. ബാക്കി ഇലകള്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം; ഒപ്പം ചട്ടിയുടെ പുറംഭാഗവും തുടച്ചു മോടിയാക്കണം. ആവശ്യമെങ്കില്‍ മേല്‍ മണ്ണിളക്കി ദുര്‍ഗന്ധമില്ലാത്ത ജൈവവളം മിശ്രിതത്തില്‍ കലര്‍ത്തിനല്‍കാം. കുറഞ്ഞത് രണ്ടാഴ്ച കാലം ഫാമില്‍വെച്ചു പുഷ്ട്ടിപ്പിച്ചിട്ടു വേണം ചെടി വീണ്ടും വാടകക്കായി നല്‍കുവാന്‍. ചിലപ്പോള്‍ വാടകക്ക് നല്‍കിയിരിക്കുന്ന സ്ഥാപനത്തിന്റെ അശ്രദ്ധ കാരണം കുറച്ചു ശതമാനം ചെടികള്‍ നശിച്ചു പോകുവാന്‍ സാധ്യതയുണ്ട്. ഈ നഷ്ടം കൂടി പരിഗണിച്ചുവേണം ചെടിയുടെ വാടക തീരുമാനിക്കുവാന്‍. സ്ഥാപനവുമായി ഈ കാര്യങ്ങള്‍ എല്ലാം സൂചിപ്പിച്ചു മുന്‍കൂര്‍ കരാര്‍ വെയ്ക്കുന്നതും ഉപകരിക്കും.