Wednesday, May 15, 2024
keralaNews

കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജില്‍ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം, ഒരു കാരണവശാലും കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശവുമുണ്ട്.

അതേസമയം, കരിന്തളം കോളജ് വ്യാജരേഖക്കേസില്‍ വിദ്യയെ നീലേശ്വരം പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിദ്യയ്ക്ക് നോട്ടിസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് വിദ്യയ്ക്ക് നോട്ടിസ് നല്‍കും. വിദ്യയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി ഇന്നത്തെ അറസ്റ്റ് ഒഴിവാക്കിയത്. വിദ്യയ്ക്ക് ജാമ്യം അനുവദിച്ച മണ്ണാര്‍ക്കാട് കോടതിക്കു പുറത്ത് നീലേശ്വരം പൊലീസ് എത്തിയതിനാല്‍ ഇന്ന് വീണ്ടും അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നല്‍കണമെന്നുമായിരുന്നു വ്യാജ രേഖാ കേസിലെ ജാമ്യാപേക്ഷയില്‍ കെ വിദ്യ കോടതിയില്‍ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളേജില്‍ നിന്ന് പിജിക്ക് റാങ്ക് നേടിയ തനിക്ക് വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും വിദ്യ കോടതിയില്‍ വാദിച്ചു. കേസില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് പോലും നല്‍കിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ലെന്നും വിദ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ കസ്റ്റഡിയില്‍ വെച്ച് പൊലീസിനോട് സമ്മതിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണില്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസ് വന്നപ്പോള്‍ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ തുടക്കത്തില്‍ വിദ്യ ഒളിവില്‍ പോയെന്നും ബോധപൂര്‍വം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജനല്‍ അന്യായക്കാരിയുടെ കയ്യിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കി, ഏത് ഡിവൈസില്‍ ഉണ്ടാക്കിയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സീല്‍ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചപ്പോള്‍ സീല്‍ ഓണ്‍ലൈനായാണ് ഉണ്ടാക്കിയതെന്നും അതുകൊണ്ട് സീല്‍ കണ്ടത്താന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.