Thursday, May 2, 2024
keralaNewsUncategorized

കെഎസ്ആര്‍ടിസി ജീവനക്കാര്‍ രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് വീട്ടില്‍കൊണ്ട് കൊടുത്തു

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീട്ടിലെത്തിച്ച് കൊടുത്തു. കഴിഞ്ഞ ദിവസമാണ് കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ എത്തിയാണ് പാസ് കൈമാറിയത്.                                                                         ഈ മാസം 20ന് കണ്‍സഷന്‍ പാസ് പുതുക്കാന്‍ എത്തിയപ്പോഴാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘം ചേര്‍ന്ന് പ്രേമനനേയും മകളേയും മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശിയായ പ്രേമനന്‍ ബിരുദ വിദ്യാര്‍ത്ഥിയായ മകള്‍ രേഷ്മയുടെ കണ്‍സഷന്‍ പാസ് പുതുക്കാന്‍ മകള്‍ക്കൊപ്പം കാട്ടാക്കട ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയില്‍ എത്തിയപ്പോഴാണ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.                                                                                                                    കണ്‍സഷന്‍ പുതുക്കി നല്‍കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നിരിക്കെ അത് കൂടിയെ തീരു എന്ന് ജീവനക്കാര്‍ വാശി പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രേമനന് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു.                                                 കെഎസ്ആര്‍ടിസി എംഡിയും സംഭവത്തില്‍ ഇരുവരോടും മാപ്പ് അപേക്ഷിച്ചിരുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പ്രശ്നമുണ്ടാക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളെയും കൂട്ടിയാണ് പ്രേമനന്‍ എത്തിയത്, മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്നും ജാമ്യ ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നു.