Sunday, May 12, 2024
keralaNews

കുറിച്ചിയില്‍ വയോധിക ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം കുറിച്ചി കേളന്‍കവലയില്‍ ആണ് വയോധിക ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ ഹാളിനുള്ളില്‍ കിടക്കുന്ന നിലയില്‍ ആണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലും. ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളന്‍ കവല കാഞ്ഞിരക്കാട്ട് വീട്ടില്‍ ഗോപി (80), ഭാര്യ കുഞ്ഞമ്മ (78) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.വയോധിക ദമ്പതിമാര്‍ വീടിനുള്ളില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാന രീതിയില്‍ വഴക്കുണ്ടായിരുന്നു എന്നാണ് നാട്ടുകാരില്‍ നിന്നും പൊലീസിന് കിട്ടിയ വിവരം. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കാണുന്നതിനായി കുഞ്ഞമ്മയുടെ സഹോദരന്‍ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കുഞ്ഞമ്മയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനുശേഷം ഇയാള്‍ വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് അടുക്കളയില്‍ ഗോപിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവം നടന്ന ഉടന്‍ സഹോദരന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്നീട് സഹോദരന്‍ സ്ഥലത്ത് നിന്ന് പോയതായി നാട്ടുകാര്‍ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ചിങ്ങവനം പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടി ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്നു ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പോലീസ് നടത്തിയിട്ടുണ്ട്. കോവിഡ് പരിശോധനാഫലം അടക്കം പുറത്തുവന്നശേഷം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തും.പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റും.