Tuesday, May 21, 2024
keralaNewsworld

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

താലിബാന്‍ സ്വാധീനമുളള അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുകടക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്. അതിശക്തമായ വെടിവയ്പ്പില്‍ അഞ്ചുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍ നിന്നുളള അവസാന യാത്രാവിമാനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് പ്രശ്നമുണ്ടായതെന്നാണ് വിവരം.എന്നാല്‍ വെടിവയ്പ്പിലാണോ തിരക്കിലാണോ അഞ്ചുപേര്‍ മരിച്ചതെന്ന് അറിവായിട്ടില്ലെന്ന് ദൃക്സാക്ഷികള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചു. വിമാനത്താവളത്തില്‍ പൊതുജനങ്ങള്‍ക്കുളള ഭാഗം അടച്ച് അവിടെ സുരക്ഷ സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്.

കാബൂളില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇന്നുച്ചയ്ക്ക് പുറപ്പെടാനിരുന്ന ഡല്‍ഹി-കാബൂള്‍-ഡല്‍ഹി വിമാനം റദ്ദാക്കി.അതേസമയം അമേരിക്കന്‍ പൗരന്മാരെയും ഉദ്യോഗസ്ഥരെയും സുരക്ഷിതമായി ഒഴിപ്പിക്കേണ്ടതിനാല്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്നുണ്ട്. ഏതാണ്ട് 6000 സൈനികരാണ് ഇത്തരത്തില്‍ ഇവിടെയുളളതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പല രാജ്യങ്ങളുടെയും കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത് വിമാനത്താവളത്തിലാണ്.