Tuesday, May 21, 2024
indiaNewsUncategorized

കശ്മീരിലെ ഭീകരാക്രമണങ്ങള്‍; ഉന്നതതതല യോഗം ഇന്ന്

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

നിര്‍ണായക യോഗത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ 4 പേരാണ് കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ 16 പണ്ഡിറ്റുകളാണ് താഴ് വരയില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത്ഷാ പ്രത്യേക യോഗം വിളിച്ചത്.

ജമ്മുകശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.

ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ഭയവും സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരാക്രമണങ്ങളെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന.