Saturday, May 18, 2024
keralaNewsObituary

കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍ : കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്‌മണ്യന്‍ (71) ആണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതന്‍ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് രണ്ടേക്കര്‍ ഭൂമി സുബ്രഹ്‌മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വര്‍ഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം ഉള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍ അര്‍ഹതയുണ്ടായില്ല. സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്തത്തില്‍ വിഷമത്തിലായിരുന്നുവെന്ന് മകള്‍ സൗമ്യ പറഞ്ഞു. ഭാര്യ കനകമ്മ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് 71 കാരനായ സുബ്രഹ്‌മണ്യന്‍ തൂങ്ങിമരിച്ചത്. സ്വന്തം സ്ഥലം ഉപയോഗിക്കാന്‍ കഴിയാത്തത്തിന്റെയും വീടില്ലാത്തതിന്റയും ക്യാന്‍സര്‍ രോഗ ബാധയുടെയും വിഷമങ്ങളിലായിരുന്നു സുബ്രഹ്‌മണ്യന്‍. അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്നു. അതില്‍ കൃഷി ചെയ്തുള്ള ആദയം ആയിരുന്നു വരുമാന മാര്‍ഗം. എന്നാല്‍ കാട്ടാന ശല്യം രൂക്ഷമായതോടെ അവിടെ ജീവിക്കാന്‍ വയ്യാതായി. രണ്ടര വര്‍ഷം മുമ്പ് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു. നാട്ടുകാര്‍ ഒരുക്കി കൊടുത്ത വാടക വീട്ടിലായി താമസം. വരുമാനവും നിലച്ചു.ചികിത്സ വേണ്ടി വന്നതോടെ നാല് ലക്ഷത്തോളം ബാധ്യതയുമായി. വാര്‍ദ്ധക്യ പെന്‍ഷനും ഭാര്യയുടെ തൊഴിലുറപ്പ് വരുമാനവും മാത്രമായിരുന്നു ആശ്രയം. വീടിന് ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചെങ്കിലും രണ്ടേക്കര്‍ സ്ഥലം ഉള്ളതിനാല്‍ അര്‍ഹതയുണ്ടായില്ല. താമസിക്കുന്ന വാടക വീടിന്റെ അറ്റകുറ്റപ്പണി ഉള്ളതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വരുമെന്ന് വീട്ടുടമ അറിയിച്ചിരുന്നു. മറ്റൊരു വീടും നാട്ടുകാര്‍ ക്രമീകരിച്ചിരുന്നു. ഇരിട്ടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് എത്തുമ്പോള്‍ നല്‍കാന്‍ ഒരു സങ്കട ഹര്‍ജി സുബ്രഹ്‌മണ്യന്‍ തയ്യാറാക്കിയത് വീട്ടിലുണ്ട്. സ്ഥലം ഉപയോഗ ശൂന്യമായതും വീട് കിട്ടാന്‍ തടസ്സം നീക്കണമെന്നും മകളെക്കൊണ്ട് എഴുതിച്ച അപേക്ഷയിലുണ്ട്.