Thursday, May 2, 2024
educationkeralaNews

എല്‍പി സ്‌കൂള്‍ അധ്യാപക തസ്തിക; പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ നീക്കം; പരാതി

എല്‍പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്കുള്ള പിഎസ്്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കേ വീണ്ടും പരീക്ഷ നടത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതായി ആക്ഷേപം. ഈ വര്‍ഷം ഡിസംബര്‍ വരെ കാലാവധിയുള്ള റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. പുതിയ ലിസ്റ്റ് വരുന്നതോടെ പഴയ പട്ടിക അസാധുവാകും.

2014ല്‍ വിജ്ഞാപനം ചെയ്ത് 2018ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ പട്ടിക തയാറാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. എറണാകുളം ജില്ലയില്‍ നിന്ന് നാനൂറു പേരാണ് പഴയ പട്ടികയിലുള്ളത്. ഇതില്‍ നൂറ്റമ്പതോളം പേര്‍ക്ക് ഇനിയും നിയമനം ലഭിച്ചിട്ടില്ല. നിയമനം കാത്തിരിക്കുന്നവരില്‍ ഒട്ടേറെപ്പേര്‍ക്ക് വീണ്ടും പിഎസ് സി പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. നിലവിലുള്ള പട്ടിക അസാധുവാക്കി പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നതോടെ ഇല്ലാതാവുക സര്‍ക്കാര്‍ ജോലിയെന്ന ഇവരുടെ സ്വപ്നങ്ങളാണ്.

2021ലെ പ്രതീക്ഷിത ഒഴിവുകള്‍ കഴിഞ്ഞ ഒക്ടോബര്‍ 30നകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ – ഭരണപരിഷ്‌കരണ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഒന്നു പോലും അറിയിച്ചിട്ടില്ലെന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പറയുന്നു.ഈ വര്‍ഷം LP യില്‍ 47 അദ്ധ്യാപകരും, 62 പ്രധാന അധ്യാപകരും വിരമിക്കുന്നുണ്ട്.കൂടാതെ കഴിഞ്ഞ വര്‍ഷം വിരമിച്ച 60 ഓളം പ്രധാന അധ്യാപകരുടെ ഒഴിവുകള്‍ സുപ്രിം കോടതിയിലെ കേസ് മൂലം നികത്തിയിട്ടില്ല. കേസ് അവസാനിക്കുന്ന മുറയ്ക്ക് അതിലേക്കുള്ള നിയമനങ്ങളും ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍ നിന്നും നടത്തണം. റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തിലെ പ്രതീക്ഷിത ഒഴിവുകള്‍ PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണണമെന്നാണ് ഉദ്യോഗര്‍ത്ഥികളുടെ ആവശ്യം.