Sunday, May 12, 2024
keralaNews

എരുമേലി വലിയ തോട്ടിലെ അഴിമതി ;  ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി . 

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി വലിയതോട് ശുചീകരണത്തിൽ നടന്ന  അഴിമതിയിൽ നാട്ടുകാരുടെ പരാതിയിന്മേൽ ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി.ഇതുസംബന്ധിച്ച് എരുമേലി സ്വദേശി  കുറുമ്പേറ്റിൽ  പ്രദീപ്കുമാറാണ് പരാതി നൽകിയത്. കഴിഞ്ഞവർഷവും ഇത്തരത്തിൽ  തോട്ടിലെ മാലിന്യങ്ങൾ വാരി തോടിനുള്ളിൽ തന്നെ ഇരുവശങ്ങളിലായി തള്ളുകയായിരുന്നു . ഇതിനെതിരെയും അന്ന് പ്രദീപ്കുമാർ പരാതി നൽകിയിരുന്നു . ഇതു കൂടാതെയാണ് ഈ വർഷവും  തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപ പഞ്ചായത്ത് ചിലവഴിച്ചത്.  ക്ഷേത്രത്തിനു മുന്നിൽ കൂടി ഒഴുകുന്ന  വലിയതോടിന്റെ മുൻ വശം   മാത്രമാണ് ഗുചീകരിച്ചതെന്നും പ്രദീപ് കുമാർ പറഞ്ഞു . കരിങ്കലുംമൂഴി മുതൽ കൊരട്ടി വരെയുളള മൂന്നു കിലോമീറ്ററോളം ദൂരം  ശുചീകരിക്കേണ്ട തോട്ടിൽ ക്ഷേത്രത്തിന്റെ  മുൻ വശം മാത്രം ശുചീകരിച്ച പഞ്ചായത്ത് നടപടിക്കെതിരെയാണ്  പരാതി നൽകിയത്. തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ തോട്ടിന് വീതി കുറയുമെന്ന് പരാതിക്കാരുടെ വാദം കളക്ടർ അംഗീകരിക്കുകയും , കേന്ദ്രമായി മാലിന്യം നീക്കണമെന്നും കളക്ടർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു .  ഇന്ന് രാവിലെ  ഓൺലൈൻ വഴി നടന്ന പരാതി  അദാലത്തിൽ  ജില്ലാ കളക്ടർ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയെ രൂക്ഷമായി വിമർശിക്കുകയും സ്ഥലം സന്ദർശിച്ച്  തള്ളിയിട്ടുള്ള മാലിന്യങ്ങൾ നീക്കി  റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു .