Sunday, May 12, 2024
Local NewsNews

എരുമേലിയുടെ വികസനത്തിന് ആശുപത്രിക്ക് പ്രാധാന്യം നല്‍കണം:ഇ ഡി സി

എരുമേലി: ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ വികസനത്തിന് ആദ്യം പ്രാധാന്യം നല്‍കേണ്ടത് ആശുപത്രിയുടെ വികസനത്തിനാണെന്ന് എരുമേലി ഡെവലെപ്പ് മെന്റ് കൗണ്‍സില്‍ (ഇ ഡി സി ) പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കടക്കം – മന്ത്രിമാരായ വീണ ജോര്‍ജ്,വി എന്‍ വാസവന്‍ എന്നിവര്‍ക്ക് എഴായിരം പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടും നടപടിയെടുത്തില്ല. ദിവസേന നൂറു കണക്കിന് പാവപ്പെട്ടവരെത്തുന്ന ആശുപത്രി അപ് ഗ്രേഡ് ചെയ്ത് മലയോര മേഖലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.എരുമേലി സ്വദേശിയായിരുന്ന ചെമ്പത്തുങ്കല്‍ കുടുംബാംഗമാണ് എരുമേലി ആശുപത്രിക്കായി 1.10 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയത്.

ഈ സ്ഥലത്ത് കുടിലുകള്‍ പോലെ കെ ട്ടിടങ്ങള്‍ നിര്‍മ്മിച്ച് കൂട്ടുക മാത്രമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിക്ക് അടച്ചുപൂട്ടുകയാണെന്നും നിലവിലുള്ള ഡോക്ടര്‍മാരെ മറ്റ് സബ് സെന്ററുകളിലേക്ക് വിടുകയാണെന്നും ഇവര്‍ പറഞ്ഞു. ഗൈനക്കോളജി, കാര്‍ഡിയാക്, കുട്ടികളുടെ വിഭാഗം അടക്കം പ്രധാനപെട്ട വിഭാഗങ്ങള്‍ എരുമേലി ആശുപത്രിയില്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു, എരുമേലിയുടെ പ്രാധാന്യത്തെ ഭരിക്കുന്നവര്‍ കാണുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു,

ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ റോഡ് വികസനമില്ല, കെ എസ് ആര്‍ റ്റി സി വികസനം , സമാന്തര റോഡുകള്‍, വലിയ തോട് ശുചീകരണം ഒന്നും നടക്കുന്നില്ല. എരുമേലി ടൗണില്‍ എത്താതെ വാഹനങ്ങള്‍ക്ക് പോകാന്‍ എരുമേലിക്ക് ചുറ്റും സമാന്തര റോഡുകള്‍ ഇല്ല . എരുമേലി പേട്ട തുള്ളല്‍ പാത വാഹനവിമുക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ തട്ടിക്കൂട്ട് പരിപാടി നിര്‍ത്തി വികസനത്തിന് മുന്‍തൂക്കം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ശബരി റെയില്‍ വേയും – നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളവുമെല്ലാം വികസനമാണെങ്കിലും എരുമേലി ആശുപത്രിക്ക് മുന്‍തൂക്കം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

എരുമേലി ആശുപത്രിയുടെ വികസനം ലക്ഷ്യമാക്കി ആശുപത്രി അപ് ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എട്ടാം തിയതി ബുധനാഴ്ച ആശുപത്രിയില്‍ സത്യാഗ്രഹം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു . രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , സാമുദായിക സംഘടന പ്രതിനിധികള്‍  പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ എരുമേലി ഡെവലെപ്പ് മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ബാബു തോമസ്, വൈസ് ചെയര്‍മാന്‍ എന്‍. കെ രാജന്‍, ജനറല്‍ സെക്രട്ടറി കെ. പി മോഹനന്‍ , ട്രഷറര്‍ ജയിംസ് സഞ്ചായത്തില്‍, സെക്രട്ടറിമാരായ ശ്രീകുമാര്‍ , വത്സല മുരളി എന്നിവര്‍ പങ്കെടുത്തു.