Tuesday, June 18, 2024
indiaNewspolitics

എന്‍ഡിഎയുടെ വിജയം ലോകം തിരിച്ചറിയും

ന്യൂഡല്‍ഹി: 2024ല്‍ എന്‍ഡിഎ നേടിയത് മഹത്തായ വിജയമാണെന്നും ഇത് ലോകം തിരിച്ചറിയുമെന്നും നരേന്ദ്രമോദി. മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എന്‍ഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.ജയിച്ചുവന്ന പ്രതിപക്ഷ എംപിമാരെ അഭിനന്ദിക്കുന്നു.

രാഷ്ട്രത്തിന്റെ പ്രതിപക്ഷത്തല്ല, ഒരു കക്ഷിയുടെ പ്രതിപക്ഷ സ്ഥാനത്താണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും രാഷ്ട്രഹിതത്തിന് അനുസരിച്ച് തന്നെ പ്രതിപക്ഷം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.പത്ത് വര്‍ഷത്തിന് ശേഷവും 100 സീറ്റുകള്‍ മറികടക്കാന്‍ കോണ്‍ഗ്രസിനായില്ല. 2014ലും 2019ലും 2024ലും കോണ്‍ഗ്രസ് നേടിയ സീറ്റുകള്‍ കൂട്ടിവെച്ചാല്‍ പോലും ബിജെപി ഇത്തവണ നേടിയ സീറ്റുകളുടെ എണ്ണം കോണ്‍ഗ്രസിനില്ല.

ഇന്‍ഡി മുന്നണി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇപ്പോള്‍ അതിന്റെ വേഗത വര്‍ദ്ധിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.ഭാരതത്തിലെ ഓരോ പൗരനും രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. രാഷ്ട്രം എന്‍ഡിഎയിലാണ് വിശ്വാസമര്‍പ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണം ട്രെയിലര്‍ മാത്രമാണ്. അതിനേക്കാള്‍ ഊര്‍ജ്ജത്തോടെ, ഇച്ഛാശക്തിയോടെ രാജ്യത്തിന്റെ പുരോഗതിക്കായി എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും.

പുതിയ ഇന്ത്യ, വികസിത ഇന്ത്യ, പ്രതീക്ഷയുടെ ഇന്ത്യ എന്നിങ്ങനെ എന്‍ഡിഎയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.രാജ്യത്തിന് അഴിമതി രഹിത സര്‍ക്കാരിനെ നല്‍കിയത് എന്‍ഡിഎയാണ്. 25 കോടി ജനതയെ പത്തുവര്‍ഷം കൊണ്ട് ദാരിദ്ര്യമുക്തരാക്കി. മൂന്ന് കോടി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കി. ദാരിദ്ര്യനിര്‍മ്മാര്‍ജനവും മധ്യവര്‍ഗത്തിന്റെ പുരോഗതിയുമാണ് എന്‍ഡിഎ ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയ മുന്നണി കൂടിയാണിത്.

വനിതകള്‍ നയിക്കുന്ന വികസനത്തില്‍ എന്‍ഡിഎ സഖ്യം വിശ്വസിക്കുന്നു. എന്നാല്‍ നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ പാവപ്പെട്ടവരെ ഇപ്പോഴും കബളിപ്പിക്കുകയാണ് ഇന്‍ഡി മുന്നണി.