Wednesday, May 15, 2024
keralaNews

ഉമ്മന്‍ചാണ്ടിയുടെ ജീവവായു ജനങ്ങളായിരുന്നു.

ജനങ്ങളുടെ ഇടയിലായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു.പുതുപ്പള്ളി കാരോട്ടുവള്ളക്കാലില്‍ കെ ഒ ചാണ്ടിയുടേയും ബേബിയുടേയും മകന്‍ സ്‌കൂളില്‍ നിന്നു തുടങ്ങിയതാണ് തിരക്കുള്ള ജീവിതം. 1943 ഒക്ടോബര്‍ 31ന് കോട്ടയം പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കുമരകത്ത് ജനനം. പുതുപ്പള്ളി എംഡി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം. മുത്തച്ഛന്‍ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. സ്‌കൂള്‍ കാലഘട്ടത്ത് കെ എസ് യുവിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് എത്തി. 1962ല്‍ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1965ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1967ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1969ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി.

1970ല്‍ പുതുപ്പള്ളിയുടെ ജനവിധിയില്‍ എംഎല്‍എയായിരുന്ന ഇംഎം ജോര്‍ജിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലേക്കെത്തി. 1977ല്‍ ആദ്യത്തെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായും 1982ലും 91ലും യഥാക്രമം ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമായി. 1982മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെ യുഡിഎഫ് കണ്‍വീനറായി. 2004ല്‍ എ കെ ആന്റണിയുടെ മുഖ്യമന്ത്രി പദവിയില് നിന്നുള്ള രാജിയെ തുടര്‍ന്ന് ആദ്യമായി മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവ്. 2011ല്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്കെത്തി.പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ യൂണിറ്റ് സെക്രട്ടറിയായി തുടക്കം. 1962ല്‍ പത്തൊന്‍പതാം വയസ്സില്‍ കോട്ടയം ജില്ലാ സെക്രട്ടറി. ഇരുപത്തിരണ്ടു വയസ്സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1967ല്‍ സംസ്ഥാന പ്രസിഡന്റും. പിണറായി വിജയന്‍ നയിച്ച കെഎസ് എഫും ഉമ്മന്‍ചാണ്ടി നയിച്ച കെഎസ് യുവും ആയിരുന്നു അന്നു കേരളത്തിന്റെ കൗമാരമുഖം. കെഎസ്എഫില്‍ നിന്ന് കെവൈഎസിലേക്കു പിണറായി വിജയന്‍ മാറിയ അതേവര്‍ഷം ഉമ്മന്‍ചാണ്ടി യൂത്ത് കോണ്‍ഗ്രസിനേയും നയിക്കാന്‍ തുടങ്ങി. 1970ല്‍ ഇരുവരും ആദ്യമായി നിയമസഭയില്‍.1970 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പുതുപ്പള്ളിയില്‍ നിന്ന് പന്ത്രണ്ട് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയതാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരള രാഷ്ട്രീയത്തിന്റെ അജയ്യനായ മുഖങ്ങളിലൊന്നാക്കി മാറ്റിയത്.