Tuesday, May 14, 2024
keralaNews

ഇലന്തൂര്‍ നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളായ ഭഗവല്‍ സിങ്ങും ,ലൈലയും.

പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും. അവയവങ്ങള്‍ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് ഇവരുടെ മൊഴി. അവയവങ്ങള്‍ വില്‍ക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങള്‍ വാങ്ങുന്നതിനായി ബെംഗളൂരുവില്‍നിന്ന് ആളെത്തുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.പ്രതികളുടെ മൊഴികള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം ശ്രമം തുടരുകയാണ്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങള്‍ ഇല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരിക അവയവങ്ങള്‍ മുറിച്ചു മാറ്റിയെന്നും പിന്നീട് കുഴിയില്‍ നിക്ഷേപിച്ചെന്നുമാണ് പ്രതികള്‍ പറയുന്നത്.

പത്മയുടെ മൃതദേഹം സംസ്‌കരിക്കും മുന്‍പ് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. മനുഷ്യ ശരീരത്തിലെ എളുപ്പം വേര്‍പെടുത്താവുന്ന സന്ധികള്‍ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവര്‍ക്കു മാത്രമാണ് ഇതിനു കഴിയുക.