Wednesday, May 1, 2024
indiakeralaNews

ഇനി വീട്ടില്‍ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താം.

വീട്ടില്‍ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). കോവഡ് ടെസ്റ്റ് കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറങ്ങി. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ.
ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപിള്‍ സ്റ്റോറിലോ ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. കോവിഡ് ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു. ടെസ്റ്റ് വിവരങ്ങള്‍ ഐസിഎം ആര്‍ സെര്‍വറില്‍ സൂക്ഷിക്കും. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുപോവില്ലെന്നും വ്യക്തമാക്കി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും.പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാല്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. പൂനെയിലെ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോവിസെല്‍ഫ്ടിഎം എന്ന കിറ്റ് തയാറാക്കിയത്.