Thursday, May 16, 2024
keralaNews

ആര്‍ഭാട ജീവിതത്തെത്തുടര്‍ന്ന് കടം കയറി : പണത്തിനായി ഹണിട്രാപ്പിലേക്കു തിരിഞ്ഞു;ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മിഷന്‍

പാലക്കാട് : ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വിഡിയോകള്‍ ചെയ്ത് സജീവമായ ദേവും ,ഗോകുല്‍ ദീപും ആര്‍ഭാട ജീവിതത്തെത്തുടര്‍ന്ന് കടം കയറിയ ഇവര്‍ ഒടുവില്‍ പണത്തിനായി ഹണിട്രാപ്പിലേക്കു തിരിയുകയായിരുന്നു. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മിഷന്‍ കിട്ടുമെന്നാണ് ദമ്പതികള്‍ പൊലീസിനു നല്‍കിയ മൊഴി. ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ പെടുത്തി തട്ടിക്കൊണ്ടുപോയി കാറും പണവും ആഭരണവും എടിഎം കാര്‍ഡുകളും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ പ്രവര്‍ത്തിച്ചത് ഇടനിലക്കാരായി. കൊല്ലം പെരുന്നാട് സ്വദേശി ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ മേലെ ചൊവ്വ വലിയന്നൂര്‍ ഗോകുല്‍ ദീപ് (29) എന്നിവര്‍ ഉള്‍പ്പെടെ ആറു പേരാണ് കേസില്‍ അറസ്റ്റിലായത്. ദേവുഗോകുല്‍ ദീപ് ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.പാലാ രാമപുരം സ്വദേശി ശരത് (24), ഇരിങ്ങാലക്കുട സ്വദേശികളായ വിനയ്(24), കാക്കേരി ജിഷ്ണു (20), അജിത് (20) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ശരത് ആണ് ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരന്‍. ഇരിങ്ങാലക്കുടയിലെ ധനകാര്യ സ്ഥാപന ഉടമയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടര്‍ന്നു. പ്രതികളില്‍ ഒരാള്‍ പ്രളയകാലത്ത് പരാതിക്കാരന്റെ വീടിനു മുകളില്‍ താമസിച്ചിരുന്നു.

ചൂണ്ടയില്‍ കുരുങ്ങാന്‍ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ശരത് സ്ത്രീയുടെ പേരില്‍ പ്രൊഫൈല്‍ തയാറാക്കി സമൂഹമാധ്യമം വഴി പരാതിക്കാരനുമായി അടുപ്പമുണ്ടാക്കിയാണു തട്ടിപ്പിനു കളമൊരുക്കിയത്. തുടര്‍ന്നു ദേവുവിനെ ഉപയോഗപ്പെടുത്തി പരാതിക്കാരനെ യാക്കരയിലേക്കു വിളിച്ചു വരുത്തി. ഭര്‍ത്താവ് വിദേശത്താണെന്നും അമ്മ ആശുപത്രിയിലാണെന്നുമാണു പറഞ്ഞിരുന്നത്. പരാതിക്കാരന്‍ 28നു പകല്‍ പാലക്കാട്ടെത്തി. ഒലവക്കോട്ടാണ് ആദ്യം കണ്ടത്. രാത്രിയോടെ സംഘം യാക്കരയിലെ വാടക വീട്ടിലെത്തിച്ചു.

അവിടെ ശരത് ഉള്‍പ്പെടെയുള്ളവര്‍ സദാചാര ഗുണ്ടകളെന്ന വ്യാജേനയെത്തി ദേവുവിനെ മര്‍ദിക്കുന്നതായി കാണിച്ചു. തുടര്‍ന്നു പരാതിക്കാരന്റെ 4 പവന്‍ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, 1000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവ തട്ടിയെടുത്ത ശേഷം ഇയാളെ കണ്ണുകെട്ടി ബന്ധിച്ചു കാറില്‍ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടു പോയി. കൊടുങ്ങല്ലൂരില്‍ എത്തുന്നതിനു മുന്‍പു മൂത്രമൊഴിക്കണമെന്നു ആവശ്യപ്പെട്ടതോടെ വാഹനം നിര്‍ത്തിയപ്പോള്‍ പരാതിക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട്, പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്കു സംഭവം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു വിളി എത്തിയതോടെ പൊലീസിനെ സമീപിച്ചു.