Tuesday, June 18, 2024
keralaNewsObituary

അങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേര്‍ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും 2 കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിന്‍, ജോസ്ന എന്നിവരാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. എട്ടുമണിയോടെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏസിയില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും. ഇതാണോ പെട്ടെന്ന് തീ പടരാന്‍ കാരണം എന്നതുള്‍പ്പെടെ നോക്കുമെന്നും പൊലീസ് അറിയിച്ചു. മരിച്ച ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. കുടുംബത്തിന് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ ഭാഗങ്ങളും കൃത്യമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.