Friday, June 14, 2024
indiakeralaNews

ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി.

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി. 12 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്രാപിച്ച് അസാനി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെയാണ് തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ അതി തീവ്രന്യൂന മര്‍ദ്ദമായി ശക്തിപ്രാപിച്ചത്.കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 320 കിലോമീറ്റര്‍ വടക്ക് വടക്ക് കിഴക്കായും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്ക് -വടക്ക് കിഴക്കായാണ് നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദ്വീപില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ചുഴലിക്കാറ്റിന്റെ ഫലമായി കേരളം, തമിഴ്നാട്, ആന്ധാപ്രദേശ്, കര്‍ണാടക, മാഹി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളില്‍ ഉള്‍പ്പെടെ ദുരന്തനിവാരണ സേന വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.