Monday, May 20, 2024
indiaNews

കാറ്റില്‍ ഡല്‍ഹി ജമാ മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ന്നു.

വെളളിയാഴ്ചയുണ്ടായ അപ്രതീക്ഷിത കാറ്റില്‍ തകര്‍ന്ന ഡല്‍ഹി ജമാ മസ്ജിദിന്റെ മിനാരങ്ങള്‍ നേരെയാക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടി ഷാഹി ഇമാം സയ്യീദ് അഹമ്മദ് ബുഖാരി. സ്മാരകം പരിശോധിക്കാനും കേടുപാടുകള്‍ വിലയിരുത്തി നന്നാക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.വെളളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് മിനാരങ്ങളുടെ കല്ലുകള്‍ ഇളകി വീണത്. 1656 ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നിര്‍മിച്ചതാണ് ജമാ മസ്ജിദ്. ഡല്‍ഹി വഖഫ് ബോര്‍ഡിനാണ് മസ്ജിദിന്റെ പരിപാലനച്ചുമതല. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഇല്ലെങ്കിലും പുരാവസ്തു വകുപ്പാണ് മസ്ജിദിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നത്.

ലോക്ഡൗണ്‍ കാരണം സന്ദര്‍ശകര്‍ ഇല്ലാത്തതുകൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നതെന്ന് കത്തില്‍ സയ്യീദ് അഹമ്മദ് ബുഖാരി സൂചിപ്പിച്ചു. ലോക്ഡൗണായതിനാല്‍ ആരാധനയും മസ്ജിദില്‍ നടക്കുന്നില്ല. 60 കിലോമീറ്റര്‍ വേഗത്തിലാണ് വെളളിയാഴ്ച നഗരത്തില്‍ കാറ്റ് വീശിയത്. കെട്ടിടത്തിലെ പല കല്ലുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെന്നും കഴിഞ്ഞ ദിവസങ്ങളിലും കൂടുതല്‍ കല്ലുകള്‍ ഇളകി വീഴുന്നുണ്ടായിരുന്നുവെന്നും കത്തില്‍ പറയുന്നു. കല്ലുകള്‍ ഇളകി വീണ് മസ്ജിദിന്റെ മുറ്റത്തിനും കേടുപാട് സംഭവിച്ചിരുന്നു.

മസ്ജിദിന്റെ മറ്റൊരു മിനാരവും തകര്‍ച്ചയുടെ വക്കിലാണെന്നും അന്‍പത് വര്‍ഷത്തോളമായി ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വേണം ഇവ നിര്‍വ്വഹിക്കാനെന്നും കത്തില്‍ പറയുന്നു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് പ്രധാനമന്ത്രിയോട് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥന നടത്തുന്നതെന്നും സയ്യീദ് അഹമ്മദ് ബുഖാരി പറഞ്ഞു.