Thursday, May 2, 2024
indiaNews

ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മോദി ചോദിച്ചു. യുഎന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി വിമര്‍ശനമുന്നയിച്ചത്. യുഎന്നില്‍ ഇന്ത്യയുടെ സ്ഥിരാംഗത്തിനായും മോദി ശബ്ദമുയര്‍ത്തി.

കോവിഡ് പ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യുഎന്‍ നടത്തിയത് ഭീകരാക്രമണത്തില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യുഎന്‍ എന്താണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളും മോദി ഉന്നയിച്ചു.

യുഎന്നിന്റെ സ്ഥാപക അംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതില്‍ ഏറെ അഭിമാനകരമാണ്. ഈ ചരിത്ര നിമിഷത്തില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിഷമങ്ങള്‍ പങ്കുവയ്ക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു. യുഎന്നിന്റെ സ്ഥിരാംഗത്വത്തില്‍ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്താനാകും ഞങ്ങള്‍ ശക്തരായിരുന്നപ്പോള്‍ ആര്‍ക്കും ഭീഷണി ഉയര്‍ത്തിയില്ല, ദുര്‍ബലരായിരുന്നപ്പോള്‍ ആര്‍ക്കും ഒരു ബാധ്യതയും ആയില്ല. രാജ്യത്തു നടക്കുന്ന കാലാന്തരമായ മാറ്റങ്ങള്‍ ലോകത്തിന്റെ ഒരു വലിയ വിഭാഗത്തിന്റെ മാറ്റത്തിന് കാരണമായിട്ടും എത്രകാലം അംഗത്വത്തിനായി ആ രാജ്യം കാത്തിരിക്കണം.

സമാധാനം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധീര ജവാന്മാരെ നഷ്ടപ്പെട്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. യുഎന്നിന് ഇന്ത്യ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ യുഎന്നിലുള്ള ഇന്ത്യയുടെ സാന്നിധ്യം വികസിക്കുന്നത് കാണാനാണ് ഇന്ന് ഒരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. ഈ മാഹാമാരിക്കാലത്തും 150 ഓളം രാജ്യങ്ങള്‍ക്കാണ് ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി അവശ്യ മരുന്നുകള്‍ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വാക്സിന്‍ നിര്‍മാണവും വിതരണ ശേഷിയും ഈ പ്രതിസന്ധിക്കെതിരെ പോരാടുന്ന എല്ലാവര്‍ക്കും സഹായകമാകുമെന്ന് ലോകത്തിന് ഉറപ്പു നല്‍കുന്നെന്നും മോദി പറഞ്ഞു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തെ പൊതുസഭാ സമ്മേളനം കൂടുതലായും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുന്നത്. നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ചിരിക്കുന്ന മോദിയുടെ വിഡിയോ സന്ദേശമാണ് പ്രക്ഷേപണം ചെയ്യുന്നത്. പ്രധാന നേതാക്കളെല്ലാം നേരത്തെ തയാറാക്കിവച്ച പ്രസംഗത്തിലൂടെയാണ് ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.