Wednesday, May 15, 2024
keralaNewsObituary

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം

തിരുവല്ല: ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 കാരന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോമസിന്റെ മകന്‍ പ്രിജില്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.തിരുവല്ല ഭാഗത്തുനിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജില്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം വലതുഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറി ഡ്രൈവറെ തിരുവല്ല പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.