Saturday, May 18, 2024
keralaNewsObituary

താനൂര്‍ കസ്റ്റഡി മരണം: മലപ്പുറം എസ്പിയെ പരിശീലനത്തിന് അയക്കും

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണം വിവാദങ്ങള്‍ക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് അടുത്ത മാസം നാലു മുതല്‍ ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനത്തിനായി പോകുന്നു. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് എസ്പി പരിശീലനത്തിന് പോകുന്നതെന്നും ശ്രദ്ധേയം. സുജിത് ദാസിന് പകരം മലപ്പുറം എസ്പിയുടെ ചുമതല പാലക്കാട് എസ് പി ആനന്ദിന് കൈമാറി.                                                                                                                   താനൂര്‍ കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമര്‍പ്പിച്ചിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. താനൂര്‍ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷിനെ ഒന്നാം പ്രതിയാക്കിയും പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍നെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം. മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നും സൂചനയുണ്ട്. താനൂര്‍ കസ്റ്റഡി മരണത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. താനൂര്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്റെ ഇടപെടല്‍. താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം ഫലം ചോദ്യം ചെയ്തുള്ള പൊലീസ് വാദം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കുടുംബം അഭിപ്രായപ്പെട്ടു.