Sunday, May 12, 2024
keralaNews

മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം

റമദാന്‍ മാസപ്പിറവി ദ്യശ്യമായതിനെ തുടര്‍ന്ന് നാളെ (13042021) ചൊവ്വാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.


ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ ഇനി ഒരുമാസക്കാലം വ്രത വിശുദ്ധിയിലാവും. പകലുകളില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി ദൈവവിചാരങ്ങളില്‍ അവര്‍ മുഴുകും. ദാനധര്‍മങ്ങളും-പുണ്യകര്‍മങ്ങളും നിറഞ്ഞ ആത്മവിചാരങ്ങളാല്‍ ജീവിതം സമ്പന്നമാക്കാനുള്ള അവസരമാണ് റമദാന്‍ വിശ്വാസികള്‍ക്കുനല്‍കുന്നത്. ശരീരവും മനസും പ്രപഞ്ചസ്രഷ്ടാവിന്റെ കാരുണ്യത്തിനായി തുടിക്കുന്ന ദിനരാത്രങ്ങളാണ് ഇനി. ആത്മസമര്‍പ്പണത്തിന്റെ നിറവിലേക്ക് വിശ്വാസികള്‍ നടന്നുകയറുന്ന പുണ്യരാപ്പകലുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ ദൈവഭവനങ്ങളും വിശ്വാസികളുടെ മനസും ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറെടുത്തിരുന്നു. ഇനിയുള്ള ദിനരാത്രങ്ങളില്‍ തിന്‍മയെ ആട്ടിയോടിച്ച് നന്‍മപുണരാനുള്ള പരിശ്രമത്തിന്റേതാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് സ്വന്തം ഇച്ഛപ്രകാരം അനുഷ്ടിക്കുന്ന ആരാധനയാണ് റമദാന്‍ .