Saturday, May 18, 2024
keralaNewsObituary

മദ്യപാനത്തിനിടെ തര്‍ക്കം; കാലില്‍ കുത്തേറ്റ യുവാവ് രക്തം വാര്‍ന്ന് മരിച്ചു, 3 പേര്‍ പിടിയില്‍

മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കാലില്‍ കുത്തേറ്റ യുവാവ് ഒരു രാത്രി മുഴുവന്‍ ചോര വാര്‍ന്നു മരിച്ചു. ഒപ്പം മദ്യപിച്ച മൂന്നു പേര്‍ പിടിയില്‍. ഓള്‍സെയിന്റ്‌സ് കോളജ് രാജീവ് നഗര്‍ ഷംന മന്‍സിലില്‍ ഷംനാദ് (33) ആണ് മരിച്ചത്. മലയിന്‍കീഴ് കരിപ്പൂര് ദുര്‍ഗാലെയ്ന്‍ അഭിവില്ലയില്‍ ബിനു ബാബു (34), വഴയില ശാസ്താ നഗര്‍ വിഷ്ണു വിഹാറില്‍ മണിച്ചന്‍ എന്ന വിഷ്ണുരൂപ് (34), ഓള്‍ സെയിന്റ്‌സ് കോളജ് രാജീവ് നഗര്‍ രജിത ഭവനില്‍ കുക്കു എന്ന രജിത് (35) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിഷ്ണുവാണ് ഷംനാദിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു.

2011ല്‍ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് വിഷ്ണു. തനിക്ക് വധഭീഷണി ഉണ്ടെന്നും അതിനാല്‍ കത്തി എപ്പോഴും കൊണ്ടു നടക്കാറുണ്ടെന്നും വിഷ്ണു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ബിനുവിന്റെ മലയിന്‍കീഴിലുള്ള വീട്ടില്‍ നാലു പേരും മദ്യപിക്കവെ തര്‍ക്കത്തിനിടെ ഷംനാദിനെ വിഷ്ണു കുത്തുകയായിരുന്നു. ഇടതു കാലില്‍ മുട്ടിന്റെ മുകളില്‍ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ ആശുപത്രിയില്‍ കൊണ്ടു പോയില്ല. പിന്നാലെ വിഷ്ണുവും രജിത്തും വീട്ടില്‍ നിന്ന് മുങ്ങി.

മദ്യലഹരിയില്‍ മയങ്ങി പോയ ബിനു രാവിലെ എണീറ്റപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ ഷംനാദ് മരിച്ചു കിടക്കുന്നത് കണ്ടത്. സംഭവം ബിനു തന്നെയാണ് പൊലീസില്‍ അറിയിച്ചത്. ബോധം നഷ്ടപ്പെട്ടതിനാല്‍ ഷംനാദിന് മറ്റുള്ളവരുടെ സഹായം തേടാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ മുറിവില്‍ തുണി കൊണ്ടു കെട്ടാന്‍ സ്വയം ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍ വസ്ത്രം ഉണ്ടായിരുന്നില്ല. കട്ടിലിലും തറയിലും രക്തം തളംകെട്ടി കിടക്കുകയായിരുന്നു.

എന്നാല്‍ രാത്രി തന്നെ ഷംനാദിന് കുത്തേറ്റ കാര്യം അടുത്ത ബന്ധുവിനെ വിളിച്ച് പറഞ്ഞതായും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാല്‍ കഴിഞ്ഞില്ലെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായി വിവരം. കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി, മലയിന്‍കീഴ് എസ്‌ഐ സുബിന്‍ , ജൂനിയര്‍ എസ്‌ഐ സരിത എന്നിവരുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡ്രൈവറാണ് ഷംനാദ്. ഭാര്യ : ജസ്‌ന. മക്കള്‍ : ഹമീദ്, ഹമാദ്.