Saturday, May 18, 2024
keralaNews

വാഹനങ്ങളില്‍ എമര്‍ജൻസി ബട്ടണും ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കണം .

കേരളത്തിലെ പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജൻസി ബട്ടണും ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കുന്നത് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.2019 ജനുവരി 1 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുഴുവൻ വാഹനങ്ങളിലും എമര്‍ജൻസി ബട്ടണും വാഹനങ്ങള്‍ എവിടെയുണ്ടെന്നറിയുന്ന ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റവും ഘടിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരായിരുന്നു ഉത്തവിട്ടത്. ദില്ലിയിലെ നിര്‍ഭയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി.എന്നാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇത് പൂര്‍ത്തിയായിട്ടില്ല. എമര്‍ജൻസി ബട്ടണ്‍ ഘടിപ്പിക്കാനുള്ള തീയതി കേരളം പല തവണ നീട്ടി നല്‍കുകയും ചെയ്തു.ഇതേ തുടര്‍ന്നാണ് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ ജാഫര്‍ ഖാൻ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.  സ്കൂള്‍ ബസുകളില്‍ മാത്രമാണ് പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ക്ക് ഇത് ഘടിപ്പിക്കാൻ ഡിസംബര്‍ വരെ സമയം നീട്ടിനല്‍കിയിട്ടുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.മറ്റ് വാഹനങ്ങളില്‍ എന്തുകൊണ്ടാണ് ഇത് പൂര്‍ണ്ണമായും നടപ്പാക്കാത്തതെന്ന് ചോദിച്ച കോടതി, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.