Thursday, May 2, 2024
keralaNews

സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണെന്ന് കോടതി;ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി.

 

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരമാര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

മൂവരും നടത്തിയത് ‘ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണെന്നു’ കോടതി നിരീക്ഷിച്ചു. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ടെന്നും ഇതില്‍ നിന്നും പിന്മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതിക്രമിച്ച് കടക്കല്‍, മോഷണം, കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഭാഗ്യലക്ഷ്മിയ്ക്കും ദിയ സനയ്ക്കുമെതിരെ കേസെടുത്തത്.അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.വിജയ് പി നായര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ വിജയ് പി നായര്‍ എന്ന വ്യക്തി യു ട്യൂബ് ചാനലിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സ്ത്രീകള്‍ക്കെതിരെ നിരന്തരം ലൈംഗിക അധിക്ഷേപം നടത്തുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. ഭാഗ്യലക്ഷ്മി, കവയത്രി സുഗതകുമാരി, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ തുടങ്ങിയ നിരവധി സ്ത്രീകള്‍ക്കെതിരെയാണ് ഇയാള്‍ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശങ്ങളും നുണക്കഥളും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇതിനെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.എന്നാല്‍ രണ്ട് മാസമായിട്ടും ഇയാള്‍ക്കെതിരെ നടപടിയൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായര്‍ക്കെതിരെ അയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കയറി കരി ഓയില്‍, ചൊറിയന്നം പ്രയോഗം നടത്തി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാളെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു.