Wednesday, May 15, 2024
keralaLocal NewsNews

പഴയിടം ഇരട്ടക്കൊല കേസില്‍ പ്രതി അരുണ്‍ കുമാറിന് കോടതി ശിക്ഷ വിധിച്ചു

കോട്ടയം:  മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പഴയിടം ചൂരപ്പാടി അരുണ്‍ ശശിക്ക് (39) വധശിക്ഷ. 2013 സെപ്റ്റംബര്‍ 28-ന്  ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍.ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒമ്പത് വര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്. പ്രതിയ്ക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ ഭവനഭേദനം 5 വര്‍ഷം കഠിനതടവ് കവര്‍ച്ചയ്ക്ക് 7 വര്‍ഷം തടവ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് കണ്ടെത്തിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജ് ജെ.നാസര്‍ വിധി പുറപ്പെടുവിച്ചത്.

സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു.തങ്കമ്മയുടെ സഹോദരപുത്രനാണു പ്രതിയായ അരുണ്‍. കാര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തല്‍.കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിരുന്നു.അതിനാല്‍ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണ കേസില്‍ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. അരുണ്‍ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്.

പഴയിടം ഷാപ്പിന്റെ എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയില്‍ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തലയ്ക്കു പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനുശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുണ്‍ ടിവി കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷണക്കേസില്‍ അരുണ്‍ പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിലാണു പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്.കേസിന്റെ വിചാരണ ഘട്ടത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുണ്‍ശശിയെ മൂന്നൂവര്‍ഷത്തിനു ശേഷം ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.