Saturday, May 18, 2024
keralaNews

കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് ദുര്‍ഗ്ഗന്ധവും പച്ചനിറവും

കോട്ടയം: വിജയപുരം പഞ്ചായത്തില്‍ കിണറുകളിലെ വെള്ളത്തിന് ദുര്‍ഗന്ധവും പച്ചനിറവും . സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗം പരിശോധനയ്ക്കെത്തി കിണറുകളിലെ വെള്ളം ശേഖരിച്ചു.

വിജയപുരം പഞ്ചായത്തിലെ 13-ാം വാര്‍ഡിലുള്ള ആറ് കിണറുകളിലാണ് പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്. ഇന്നലെ കടുംപച്ച നിറത്തില്‍ ഉണ്ടായിരുന്ന വെള്ളം ഇന്ന് ഇളം പച്ചനിറത്തിലായി. നിറവ്യത്യാസത്തിനൊപ്പം ജലത്തില്‍ നിന്നും ദുര്‍ഗന്ധവും ഉയര്‍ന്നു. പ്രദേശത്തെ കിണറുകളില്‍ സാധാരണയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ശുദ്ധജലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി അറിയിച്ചു. ഉയര്‍ന്ന പ്രദേശമായതിനാല്‍ മാലിന്യം കലരാനുള്ള സാധ്യതയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് അറിയിപ്പ് നല്‍കിയിട്ടുണ്ട്.