Saturday, May 18, 2024
keralaNewspolitics

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം വന്‍ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയ എല്ലാം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവം നടക്കും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്ലെലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സര്‍വീസുകളുണ്ടാകും. ഇന്ന് മുതല്‍ എല്ലാ വേദികളും സജീവമാകും. രാവിലെ പത്ത് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡയിത്തില്‍ മുഖ്യമന്ത്രി ആഘോഷത്തിന് തിരിതെളിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്

      മുഖ്യമന്ത്രിയുടെ ആശംസ

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. ആ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിന്റെയാകെ മുന്നില്‍ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സര്‍ഗാത്മകതയുടെ ആവിഷ്‌കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.