Monday, May 20, 2024
keralaNews

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ച് പി.സി.ജോര്‍ജ്

തിരുവനന്തപുരം :തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് അറിയിച്ച് പി.സി.ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കത്തയച്ചു. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് കത്തില്‍ പറയുന്നു. പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിനു ഹാജരാകാതെ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടാന്‍ ഒരുങ്ങവെയാണ്, ചോദ്യം ചെയ്യലിനു ഹാജരാകാമെന്നു അറിയിച്ച് പി.സി.ജോര്‍ജ് കത്തയച്ചത്.

കേസില്‍ ചോദ്യം ചെയ്യലിനായി ഞായറാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പി.സി.ജോര്‍ജിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി എത്താന്‍ കഴിയില്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ, തൃക്കാക്കരയില്‍ പ്രചാരണത്തിനു പോയി. പ്രചാരണത്തിനു പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോയെന്നതില്‍ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. കേസില്‍ കര്‍ശന ഉപാധികളോടെയായായിരുന്നു ഹൈക്കോടതി പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്.