Monday, May 20, 2024
Uncategorized

പരശുരാമന്റെ കേരളം…………നവംബര്‍ ഒന്ന് കേരളപ്പിറവി.

 

sunday special
[email protected]

കേരളോല്പത്തി കഥയില്‍ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമന്‍. പരശു ആയുധമാക്കിയ ഭാര്‍ഗ്ഗവപുത്രന്‍ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങള്‍ വാഴ്ത്തുന്നു.വിഷ്ണുഭഗവാന്റെ അവതാരങ്ങളില്‍വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍.നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍.ദ്വാപരയുഗത്തില്‍ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കര്‍ണ്ണന്റെയും ഗുരുവായും ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്നു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍കിയുടെ ഗുരുവും ഇദ്ദേഹമായിരിക്കുമെന്നും ഇതിഹാസങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്.ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവര്‍ത്തത്തിന്റെ കൈയേറ്റമായിട്ടാണ് പലരും പരശുരാമന്‍ ദക്ഷിണഭാരതത്തില്‍ ബ്രാഹ്മണക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളില്‍ രാമന്‍ വിവാദപുരുഷനാവുന്നു.

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളില്‍ ഒരാളും സാക്ഷാല്‍ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരാളുമാണ് പരശു ആയുധമാക്കിയ രാമന്‍.എറണാകുളം ജില്ലയില്‍ അങ്കമാലിക്ക് സമീപമുള്ള ചിറക്കല്‍ മഹാദേവ ക്ഷേത്രമാണ് പരശുരാമന്‍ അവസാനമായി നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.ക്ഷത്രിയനിഗ്രഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്.മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം.                                 

പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍

ഭാരതീയ ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തയാളാണ് പരശുരാമന്‍. 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളുമടക്കം നൂറു കണക്കിന് ക്ഷേത്രങ്ങള്‍ പരശുരാമന്‍ കേരളത്തില്‍ മാത്രം സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് മറ്റിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍. പിതാവിന്റെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീര്‍ക്കാനായാണ് പരശുരാമന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് എന്നുമൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണ് ഭാരതത്തില്‍ ഉള്ളത്.അതിലൊന്ന് സ്ഥിതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. തിരുവനന്തപുരത്ത് കരമനയാറും പാര്‍വ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രമാണിത്. രണ്ടാമത്തെ ക്ഷേത്രം അരുണാചല്‍ പ്രദേശില്‍ ലോഹിത് നദിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പരശുരാമ ക്ഷേത്രമാണ്.

കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. ശങ്കരാചാര്യര്‍ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ബലിതര്‍പ്പണത്തിന് ഏറെ പ്രസിദ്ധമാണ്.

സാധാരണ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവു ദിവസമാണ് ബലിയര്‍പ്പണമെങ്കില്‍ ഇവിടെ വര്‍ഷത്തിലെന്നും ബലിയര്‍പ്പണം നടത്താം. പിതാവിന്റെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീര്‍ക്കാനായാണ് പരശുരാമന്‍ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. പാപമോചനത്തിനായി ശിവനോട് പ്രാര്‍ഥിച്ചപ്പോള്‍ ശിവനില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശമനസരിച്ച് ത്രിവേണി സംഗമവേദിയായ തിരുവല്ലത്തു വന്നെത്തി ഇവിടെ അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ബലിതര്‍പ്പണം നടത്തി എന്നാണ് വിശ്വാസം. അതുതൊണ്ടു തന്നെ ഇവിടെ എത്തി ബലിയര്‍പ്പിച്ചാല്‍ ഇരട്ടി പുണ്യം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കര്‍ക്കിടക വാവുനാളില്‍ ഇവിടെ എത്തി ബലിയര്‍പ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ ബലിയര്‍പ്പിക്കുന്ന പുണ്യം ലഭിക്കുമെന്നൊരു വിശ്വാസമുണ്ട്. അത് കൂടാതെ സാധാരണ ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തിനു പുറത്ത് ബലിതര്‍പ്പണം നടത്തുമ്പോള്‍ ഇവിടെ ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ബലിതര്‍പ്പണം നടത്തുന്നത്.

പരശുരാം കുണ്ഡ്
പരശുരാമനെ ആരാധിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അരുണാചല്‍ പ്രദേശിലാണ്. ലോഹിത് നദിയുടെ തീരത്തായാണ് പരശുരാം കുണ്ഡ് സ്ഥിതി ചെയ്യുന്നത്.

നവംബര്‍ ഒന്ന് കേരളപ്പിറവി.

കേരളസംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.