Monday, May 20, 2024
keralaNews

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണം. പത്ത് വര്‍ഷം കഴിഞ്ഞു പരാതി നല്‍കിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നല്‍കിയില്ലെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. പരാതിക്കാരി തന്നെ കെണിയില്‍ പെടുത്താന്‍ ഉള്ള ഗൂഢാലോചനയിലെ ഒരു ഉപകരണം മാത്രമാണെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസില്‍ നിരപരാധിയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം വധഗൂഢാലോചന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ മറുപടി നല്‍കണം. വധഗൂഢാലോചനക്കേസില്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള വ്യക്തമാക്കിയിരുന്നു.