Tuesday, May 21, 2024
keralaNews

22 ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘം ഒടുവില്‍ പിടിയിലായി.

ജില്ലയിലുടനീളം അമ്ബലങ്ങളും കടകളും സര്‍ക്കാര്‍ ഓഫീസും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂര്‍ ചേര്‍പ്പ് പാറക്കോവില്‍ പുളിപ്പറമ്ബില്‍ വീട്ടില്‍ റഫീക് സതീഷ് എന്നു വിളിക്കുന്ന സതീഷ് (39), കൊച്ചുവേളി ശംഭുവട്ടം ജംഗ്ഷനില്‍ വാടകയ്ക്ക് താമസം സാബു സേവ്യര്‍ (35), വലിയതുറ മേരി മാതാ ലെയിനില്‍ വനിത എന്നു വിളിക്കുന്ന വനജ (32) എന്നിവരെയാണ് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പൂന്തുറ സ്റ്റേഷന്‍ പരിധിയിലെ മുട്ടത്തറ ആര്യന്‍കുഴി ദേവീ ക്ഷേത്രത്തിലും, കമലേശ്വരം ശിവക്ഷേത്രത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. പകല്‍ സമയങ്ങളില്‍ മൂവരും ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് ദര്‍ശനം നടത്താനെന്ന വ്യാജേന അമ്ബലങ്ങളില്‍ പ്രവേശിച്ച് പരിസരം മനസിലാക്കും.
രാത്രി സാബുവും സതീഷും ഓട്ടോറിക്ഷയില്‍ എത്തുകയും സതീഷ് ക്ഷേത്രത്തിനകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്. ഈ സമയം സാബു സുരക്ഷിതസ്ഥലത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത് മാറി നില്‍ക്കും.

മോഷണത്തിന് ശേഷം ഇരുവരും കൊച്ചുവേളിക്ക് സമീപമുള്ള വീട്ടിലെത്തി കിട്ടുന്ന നാണയത്തുട്ടുകളടക്കം വനജയുമായി ചേര്‍ന്ന് എണ്ണി തിട്ടപ്പെടുത്തും. ചില്ലറ നോട്ടാക്കുന്നതും സ്വര്‍ണം വിറ്റ് പണമാക്കുന്നതും വനജയാണ്.

നഗരത്തിലെ പൂന്തുറ, ഫോര്‍ട്ട്, കഴക്കൂട്ടം, വലിയതുറ, തിരുവല്ലം, വിഴിഞ്ഞം, പൂജപ്പുര പൊലീസ് സ്റ്റേഷന്‍ പരിധികളിലും മാരായമുട്ടം, കണിയാപുരം ഭാഗങ്ങളിലുമായി 22ഓളം ക്ഷേത്രങ്ങളില്‍ സംഘം മോഷണം നടത്തിയതായി തെളിഞ്ഞു. മുട്ടത്തറ വല്ലേജ് ഓഫീസ് കുത്തിപ്പൊളിച്ച് മോഷണത്തിന് ശ്രമിച്ചതും, കണ്ണാന്തുറ ആള്‍സെയിന്റ്സ് ഭാഗങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കവര്‍ച്ച നടത്തിയതും ഈ സംഘമാണ്.

ഒന്നരലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും, അന്‍പതിനായിരം രൂപയുടെ വെള്ളി ആഭരണങ്ങളും, മറ്റ് മോഷണവസ്തുക്കളും സതീഷിന്റെ കല്ലമ്ബലത്തുള്ള വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു.

ശംഖുംമുഖം അസി. കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ പൂന്തുറ എസ്.എച്ച്.ഒ ബി.എസ്.സജികുമാര്‍, എസ്.ഐമാരായ അനൂപ് ചന്ദ്രന്‍, അഭിരാം, എ.എസ്.ഐ ശിവകുമാര്‍, എസ്.സി.പി.ഒമാരായ മനു, അജിത്, സി.പി.ഒമാരായ രാജേഷ്, സന്തോഷ്, അജിത്, അന്‍ഷാദ്, വിമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.