Thursday, May 2, 2024
keralaNews

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുളള ഉത്തരവ് ഉടനുണ്ടാവില്ല.

സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുളള ഉത്തരവ് ഉടനുണ്ടാവില്ല. ബാറുകള്‍ തുറക്കുന്നതിലും ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കില്ല. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളില്‍ നില്‍ക്കുന്നതാണ് കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന ആലോചനക്ക് പിന്നില്‍.ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്ത് ചില നിയന്ത്രങ്ങള്‍ തുടരുന്നുണ്ട്. ഹോട്ടലുകളില്‍ താമസിക്കാന്‍ അനുമതിയുണ്ടെങ്കിലും ഇരുന്ന ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തല്ക്കാലം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലെന്നാണ് സൂചന. ബാറുകള്‍ തുറക്കണമെന്ന ആവശ്യവും തല്ക്കാലം പരിഗണിക്കപ്പെടില്ല. പക്ഷെ കടകളുടെ സമയപരിധി കൂട്ടുന്നതും ആലോചനയിലാണ്. നിലവില്‍ ഒന്‍പതുമണി വരെയാണ് കടകളുടെ സമയം.ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഡുകളുടെ അടച്ചിടല്‍ തുടരണമോ എന്ന ആലോചനയുണ്ട്. കോവിഡ് ബാധിതരും സമ്പര്‍ക്കത്തിലുള്ളവരും വീട്ടില്‍ കര്‍ശനമായി തുടര്‍ന്നാല്‍ വാര്‍ഡുകള്‍ അടച്ചിടേണ്ടതില്ലെന്നാണ് പൊതുവികാരം, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതും ജില്ലകളിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനവും നാളത്തെ യോഗത്തിലുണ്ടാവും. തീയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും തീരുമാനമെടുക്കുന്നത് വൈകിയേക്കും.