Saturday, May 18, 2024
Uncategorized

സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി.                                           തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫല്‍ വയനാട്ടില്‍ വച്ചാണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷന്‍ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫല്‍. അര്‍ജുന്‍ ആയങ്കിക്കും സംഘത്തിനും ഒളിവില്‍ പോകാന്‍ നൗഫല്‍ സൗകര്യം ഒരുക്കിയിരുന്നു. കണ്ണൂരില്‍ വച്ച് കൊണ്ടോട്ടി പൊലീസാണ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വര്‍ണ്ണ കവര്‍ച്ചക്ക് ശ്രമിച്ചു എന്നാണ് കേസ്. ഈ കേസില്‍ സിപിഎം നഗരസഭ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍കോയ ഉള്‍പ്പെടെ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.                         സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. 2017 ന് ശേഷം കേസുകളില്ലെന്നും മുന്‍ കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെ ആണെന്നും കാണിച്ച് അര്‍ജുന്‍ നല്‍കിയ അപ്പീലാണ് കാപ്പ റദ്ദാക്കിയത്. 2017 ന് ശേഷം അര്‍ജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു. 2021 ജൂണ്‍ 28 അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ജാമ്യത്തിലായിരുന്നു.                                                                ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി.                                                             പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തുവന്നത്.                                        ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേര്‍ന്നു.കേരളത്തിലുടനീളവും ഗള്‍ഫിലും അര്‍ജുന്‍ ആയങ്കി നെറ്റ് വര്‍ക്ക് ഉണ്ടാക്കിയ സംഘത്തെ ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്റെ പിടിയിലായത്.