Tuesday, May 21, 2024
indiaNewsObituary

സ്‌ഫോടനം; മരിച്ചവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായം

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പരിക്കേറ്റ 60 ഓളം പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ പരിക്കേറ്റവരെ ഹര്‍ദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റവരെ തുടര്‍ ചികിത്സയ്ക്കായി ഭോപ്പാലിലേക്കും ഇന്‍ഡോറിലേക്കും മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്ന് ദര്‍ദാ ജില്ലാ കളക്ടര്‍ ഋഷി ഗാര്‍ഗ് പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനായി സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ആംബുലന്‍സുകളുടേയും ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന എന്നിവരുടെ സഹായവും തേടിയിട്ടുണ്ട്.

അതേസമയം ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു. ഹര്‍ദ, ബേതുല്‍, ഖണ്ട്വ, നര്‍മ്മദാപുരം എന്നിവിടങ്ങളില്‍ നിന്നും ആംബുലന്‍സുകളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ 11. 30 ഓടെയാണ് മദ്ധ്യപ്രദേശിലെ പടക്കനിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം നടന്നത്.

ആറുപേര്‍ തല്‍ക്ഷണം മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഹര്‍ദയിലാണ് അപകടമുണ്ടായത്. ഇതിന്റെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വലിയ തോതില്‍ പുക ഉയര്‍ന്നിട്ടുണ്ട്.