Thursday, May 2, 2024
keralaNews

സിനിമാമേളയില്‍ തിരശീല വീഴാതെ വിവാദങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരി തെളിയും മുന്‍പേ ആളിപ്പടര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങാതെ പുകയുന്നു. താന്‍ നേരിട്ടു വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും മേളയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സലിം കുമാര്‍ തീരുമാനിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആരോപിച്ചു. ഷാജി എന്‍.കരുണിനെ താന്‍ പലവട്ടം ക്ഷണിച്ചിരുന്നുവെന്നും അത് ഓര്‍ക്കാത്തതാകാം എന്നുമായിരുന്നു കമലിന്റെ പ്രതികരണം. പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ ഷാജി എന്‍.കരുണിനെയും ദേശീയ പുരസ്‌കാര ജേതാവു കൂടിയായ നടന്‍ സലിം കുമാറിനെയും ക്ഷണിച്ചില്ലെന്ന വെളിപ്പെടുത്തലുകളോടെയാണു വിവാദത്തിനു തീപിടിച്ചത്.

കോണ്‍ഗ്രസ് അനുഭാവിയായ തന്നെ രാഷ്ട്രീയ കാരണങ്ങളാലാണ് ഉദ്ഘാടനച്ചടങ്ങില്‍ തിരി തെളിക്കുന്ന 24 അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നു സലിം കുമാര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ സംഘാടകര്‍ തന്നെ ക്ഷണിച്ചുവെങ്കിലും പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ”അവസാന നിമിഷം ക്ഷണിച്ചെങ്കിലും മേളയില്‍ പങ്കെടുക്കില്ലെന്നു മുന്‍പു തന്നെ പറഞ്ഞിരുന്നു. ആ നിലപാടു മാറ്റിയാല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും. ചലച്ചിത്ര അക്കാദമിയിലെ ചിലര്‍ക്കു കൊച്ചുകുട്ടികളുടെ സ്വഭാവമാണ്” സലിം കുമാര്‍ പറഞ്ഞു. എന്നാല്‍, സലിം കുമാറിനെ താന്‍ നേരിട്ടു വിളിച്ചിട്ടും അദ്ദേഹം ക്ഷണം നിരസിക്കുകയാണു ചെയ്തതെന്നു കമല്‍ പറഞ്ഞു. ”സലിം കുമാറിന്റെ ആക്ഷേപങ്ങള്‍ തെറ്റാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും അദ്ദേഹത്തിനു മനസ്സിലാകുന്നില്ല. ഇനി ഒന്നും ചെയ്യാനില്ല. ഷാജി എന്‍.കരുണിനെ മേളയില്‍ നിന്ന് അകറ്റി നിര്‍ത്തിയില്ല. പല തവണ വിളിച്ചു. 6 ഇ മെയില്‍ അയച്ചു. അദ്ദേഹത്തിന് ഓര്‍മക്കുറവുണ്ടാകാം”. കമല്‍ പ്രതികരിച്ചു.

സലിംകുമാറിനെ വിളിക്കാത്തതിലെ പ്രതിഷേധ സൂചകമായി അദ്ദേഹത്തിന്റെ ചിത്രം ബാഡ്ജായി കുത്തിയാണ് ചില ഡെലിഗേറ്റുകള്‍ മേളയ്ക്ക് എത്തിയത്.