Wednesday, May 15, 2024
keralaNews

വോട്ടെടുപ്പ് ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്; പലയിടത്തും മെഷീനുകള്‍ തകരാറില്‍.

കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ നാലു ശതമാനത്തിലധികം പേര്‍ ബൂത്തിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് കാണുന്നത്. അതേസമയം, പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മന്ത്രിമാരും രാഷ്ട്രീയ സമുദായ നേതാക്കളും സ്ഥാനാര്‍ഥികളും ആദ്യമേ എത്തി വോട്ടുരേഖപ്പെടുത്തി. മന്ത്രി ഇ.ചന്ദ്രശേഖരന്‍, മന്ത്രി ഇ.പി.ജയരാജന്‍, മന്ത്രി സി.രവീന്ദ്രനാഥ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്നിക്കിലും കല്‍പ്പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാര്‍ എസ്‌കെഎംജെ സ്‌കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.

കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് സ്ഥാനാര്‍ഥിയും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. കാറില്‍ മണ്ണെണ്ണയുമായി ഷിജു വര്‍ഗീസ് വന്നത് കണ്ടെത്തി. ഷിജു പൊലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ ഷിജു കസ്റ്റഡിയില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കുണ്ടറ സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് പരാതിയുമായി കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഷിജുവിന്റെ പരാതി.