Thursday, May 16, 2024
keralaNews

റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നു.

സംസ്ഥാനത്ത് റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നാലംഗ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ചെറുകിട കര്‍ഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ഗഡുക്കള്‍ അനുവദിക്കും.1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ കരട് ഭേദഗതി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. റവന്യൂ റിക്കവറി അസിസ്റ്റന്റ് കമ്മിഷണര്‍ നോഡല്‍ ഓഫീസറായ കമ്മിറ്റിയില്‍ ലോ ഓഫീസറും അംഗമാണ്. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി അഞ്ചു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തശേഷം ജപ്തി നടത്തിയ സംഭവങ്ങളുണ്ട്. ഇത് ലേലത്തിന് വച്ചെങ്കിലും മറ്റാരും വാങ്ങാനില്ലാത്തതിനാല്‍ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത ഭൂമിയുണ്ട്. ഇങ്ങനെ ബോട്ട് ഇന്‍ ലാന്റ് ആയി ഏറ്റെടുത്ത സ്ഥലം ഉടമകള്‍ക്ക് തന്നെ ലഭ്യമാക്കാന്‍ നടപടി ലളിതമാക്കും. ഇതിനുള്ള കലായളവ് നീട്ടി നല്‍കും.