Sunday, May 12, 2024
EntertainmentkeralaNews

മാലിക്ക് ചിത്രം ഇസ്ലാമോഫോബിക് തന്നെയെന്ന് എന്‍.എസ്.മാധവന്‍

ബീമപള്ളി വെടിവയ്പ്പ് പോലീസിന്റെ മാത്രം വീഴ്ചയാണെന്ന തരത്തില്‍ എടുത്തുകാട്ടിയ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനം. മാലിക് സിനിമ സാങ്കല്പിക സൃഷ്ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകന്‍ മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.എസ്. മാധവനും രംഗത്തെത്തി.

1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാര്‍ട്ടി……?

2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്…….?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല ( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്) ……..?

4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമമ്പോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നില്‍ക്കുന്നവരാക്കുന്നു……?

5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ………? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.

അതേസമയം,മാലിക്ക് സിനിമയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ വ്യക്തമാക്കി. മാലിക്ക് പിന്‍വലിക്കാന്‍ ആലോചിച്ചെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നത്. കൃത്യമായി കാണുന്നവര്‍ക്ക് എന്താണെന്ന് മനസ്സിലാകും. അല്ലാതെ സംസാരിക്കുന്നവരുടെ പ്രശ്‌നം എന്താണെന്ന് അറിയില്ല. വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്‌നത്തിലേക്ക് ഒരു സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയം നല്ലതാണെന്നും മഹേഷ് നാരായണന്‍ പറയന്നു.