Tuesday, May 14, 2024
indiaNewsworld

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍’ ബഹുമതി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമ്മാനിച്ചു.     ഫ്രാന്‍സിലെ സൈനിക, സിവിലിയന്‍ ബഹുമതികളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. ബഹുമതി ലഭിച്ച ശേഷം ഇന്ത്യന്‍ ജനതയുടെ പേരില്‍ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് നന്ദി രേഖപ്പെടുത്തി. ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലീജിന്‍ ഓഫ് ഓണര്‍’ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത പ്രമുഖ നേതാക്കള്‍ക്കും വ്യക്തിത്വങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല, ചാള്‍സ് രാജാവ്, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബൂട്രോസ് എന്നിവര്‍ ബഹുമതി നേടിയ പ്രമുഖരാണ്. ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് വിവിധ രാജ്യങ്ങള്‍ അന്താരാഷ്ട്ര അവാര്‍ഡുകളുടെയും ബഹുമതികളും നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഔദ്യോഗിക വസതിയായ എലിസി പാലസില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ആതിഥേയത്വം വഹിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും ചേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാരീസിലെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രഞ്ച് പര്യടനത്തില്‍ നിരവധം കരാറുകള്‍ക്ക് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നും സൂചനകളുണ്ട്.2023 ജൂണില്‍ ഈജിപ്തിന്റെ ഓര്‍ഡര്‍ ഓഫ് ദി നൈല്‍, 2023 മെയ് മാസത്തില്‍ പാപുവ ന്യൂ ഗിനിയയുടെ കമ്പാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ലോഗോഹു, 2023 മെയ് മാസത്തില്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി, 2023 മെയ് മാസത്തില്‍ പലാവു റിപ്പബ്ലിക്കിന്റെ എബാക്കല്‍ അവാര്‍ഡ്, ഓര്‍ഡര്‍ ഓഫ് ദി 2021-ല്‍ ഭൂട്ടാന്‍ നല്‍കിയ ഡ്രുക്ക് ഗ്യാല്‍പോ, 2020-ല്‍ യുഎസ് ഗവണ്‍മെന്റിന്റെ ലെജിയന്‍ ഓഫ് മെറിറ്റ്, 2019-ല്‍ ബഹ്‌റൈന്‍ കിംഗ് ഹമദ് ഓര്‍ഡര്‍ ഓഫ് ദി റെനൈസന്‍സ്, 2019-ല്‍ മാലദ്വീപിന്റെ ഓര്‍ഡര്‍ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂള്‍ ഓഫ് നിഷാന്‍ ഇസ്സുദ്ദീന്‍, റഷ്യയുടെ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ അവാര്‍ഡ് 2019, 2019-ല്‍ യു.എ.ഇ.യുടെ ഓര്‍ഡര്‍ ഓഫ് സായിദ് അവാര്‍ഡ്, 2018-ല്‍ ഗ്രാന്‍ഡ് കോളര്‍ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീന്‍ അവാര്‍ഡ്, 2016-ല്‍ അഫ്ഗാനിസ്ഥാന്റെ സ്റ്റേറ്റ് ഓര്‍ഡര്‍ ഓഫ് ഗാസി അമീര്‍ അമാനുള്ള ഖാന്‍, 2016-ല്‍ സൗദി അറേബ്യയുടെ ഓര്‍ഡര്‍ ഓഫ് അബ്ദുല്‍ അസീസ് അല്‍ സൗദ് എന്നിവയാണ് വിവിധ രാജ്യങ്ങളില്‍ നിന്നും പ്രധാനമന്ത്രിക്ക് ലഭിച്ച ബഹുമതികള്‍.